ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അങ്കണവാടി കെട്ടിടത്തിന് കാവി നിറം; പരാതിയുമായി നാട്ടുകാര്‍;

ബാലരാമപുരം: അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചത് വിവാദമാകുന്നു. ഫെബ്രുവരി 14ന് ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്.

അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി.

എന്നാല്‍ അങ്കണവാടി കെട്ടിടത്തിന് പെയിന്റടിക്കാന്‍ പണമില്ലാത്തതിനാല്‍ സ്പോണ്‍സര്‍മാര്‍ നല്‍കിയ പെയിന്റാണ് അടിച്ചതെന്ന് പഞ്ചായത്തംഗം കവിത പറഞ്ഞു. മൂന്ന് നിറത്തിലുള്ള പെയിന്റുകള്‍ കിട്ടി. പെയിന്റടി പൂര്‍ത്തിയായിട്ടില്ല. ഇനി കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരക്കണമെന്നും അവര്‍ പറഞ്ഞു.

അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്തെന്നും കെട്ടിടത്തിന് കാവി നിറം മാറ്റി പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക പറഞ്ഞു.

ബി ജെ പി പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക് കാവി നിറം നല്‍കിയതെന്നാണ് സി പി എം ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി.

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അങ്കണവാടി കെട്ടിടം കൈയേറി കാവി നിറം അടിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരം നീക്കങ്ങള്‍ സാമുദായിക ചേരിതിരിവിന് കാരണമാകുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment