ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിന്റെ ഉച്ചത്തിലെത്തിയതോട് ദുരന്തകഥകളുടെ പരമ്ബരകളുമായി ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിദേശ മാധ്യമങ്ങള്‍. ഏതോ വി ഐ പിക്കായി ഒരു വീട്ടമ്മയ്ക്ക് നല്‍കിയിരുന്ന ഓക്സിജന്‍ പൊലീസ് എടുത്തുകൊണ്ടുപോയതിന്റെ ഫലമായി ആ വീട്ടമ്മ മരിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ കഥ. ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു യുവാവ് പൊലീസുകാരുടെ മുന്നില്മുട്ടുകുത്തിനിന്ന് അപേക്ഷിക്കുന്ന വീഡിയോ സഹിതമാണ് ഇത് പ്രചരിക്കുന്നത്. തന്റെ അമ്മയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ എടുത്തുമാറ്റിയാല്‍ അമ്മ മരിക്കുമെന്ന് അയാള്‍ കരഞ്ഞു പറയുന്നുണ്ട്.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് 22 കാരനായ ഇയാളും 17 വയസ്സുള്ള ഇയാളുടെ സഹോദരനും പുറത്തുനിന്നും പണം നല്‍കി വാങ്ങിയ സിലിണ്ടറാണ് പൊലീസുകാര്‍ ഇപ്രകാരം എടുത്തുകൊണ്ടുപോയതെന്ന് ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏതോ പ്രമുഖ വ്യക്തിക്കായി ഈ സിലിണ്ടര്‍ പൊലീസുകാര്‍ തട്ടിയെടുക്കുകയായിരുന്നു എന്ന് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ടൈംസ് ഓഫ് ഇന്ത്യ കറസ്പോണ്ടന്റ് പറയുന്നു. രണ്ടു മണിക്കൂറിനു ശേഷം ആ അമ്മ മരണമടയുകയും ചെയ്തു.
എന്നാല്‍, ഇക്കാര്യം നിഷേധിച്ചെത്തിയ യു പി പൊലീസ് പറയുന്നത്, ഒഴിഞ്ഞ സിലിണ്ടറാണ് തങ്ങള്‍ എടുത്തതെന്നും അത് നിറയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു എന്നുമാണ്. വെള്ളിയാഴ്‌ച്ച 3,86,452 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും 3,498 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ഇടപെടല്‍ രീതിക്കുള്ള മകുടോദാഹരണം എന്ന നിലയിലാണ് അവര്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മേല്‍പറഞ്ഞത് ഔദ്യോഗിക കണക്കാണ്. എന്നാല്‍, ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത് യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരും എന്നാണ്.
നിലവില്‍ രാജ്യത്തെ മരണനിരക്ക് 1.14 ശതമാനമാണ്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ രണ്ടാഴ്‌ച്ചകഴിയുമ്ബോള്‍ പ്രതിദിനം 30,000 പേരോളം മരണമടയുന്ന നിലയെത്തുമെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, ഇന്ത്യ കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ സുതാര്യത കാത്തുസൂക്ഷിക്കുന്നില്ല എന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പോലും പൊലീസ് സംരക്ഷണമൊരുക്കേണ്ട ഗതികേടിലെത്തിയ നാട്ടില്‍, ശവപ്പറമ്ബുകളില്‍ ചിതകള്‍ കെട്ടടങ്ങുന്നില്ല എന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശങ്ങളില്‍ നിന്നും സഹായമെത്തിയിട്ടും ഇന്ത്യയിലെ സാഹചര്യം തെല്ലും മെച്ചപ്പെടുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴും ഓക്സിജനും ആശുപത്രി കിടക്കകള്ക്കും മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുകയാണ്. അത്യഡംബര പൂര്‍വ്വം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാച്ചുകള്‍ കളിക്കുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ പ്രാണവായു ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 91 കാരനായ മുന്‍ അറ്റോര്‍ണി ജനറല്‍, സോളി സൊറാബ്ജി, 40 വയസ്സുള്ള വാര്‍ത്ത അവതാരകന്‍ രോഹിത് സര്‍ദാന എന്നിവര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മഹാരാഷ്ട്രയില്‍ ബീഡില്‍ നിന്നുള്ള ഒരു ആംബുലന്‍സിന്റെ ദൃശ്യവും പാശ്ചാത്യ മധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ആംബുലന്‍സില്‍ 22 ഓളം മൃതദേഹങ്ങള്‍ കുത്തിനിറച്ചതിന്റെ ചിത്രമാണിത്. മൃതദേഹങ്ങളെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് പറഞ്ഞ ജില്ലാ അധികൃതര്‍ പക്ഷെ മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലേക്ക് കോണ്ടുപോകാന്‍ രണ്ട് ആംബുലന്‍സുകള്‍ മാത്രമാണ് ഉള്ളതെന്നും സമ്മതിച്ചു. ഇതിനിടയില്‍ ഓക്സിജനും അത്യാവശ്യ മരുന്നുകളും കരിഞ്ചന്തയില്‍ സുലഭമാണെന്നും ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പൊര്‍ട്ട് ചെയ്തു.