കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോ നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് നാട്ടുകാർ. കാട്ടുപോത്തിൻ്റെ കുത്തേറ്റ ചാക്കോയുടെ വയർ തുളഞ്ഞ് കുടൽ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തുമ്പോൾ കയ്യും കാലും ഒടിഞ്ഞ അവസ്ഥയിലായിരുന്നു. ഓട്ടോയിലോ മറ്റോ ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിന് സഹായിച്ച ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് ചാക്കോ സംസാരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ചാക്കോയെ എത്തിച്ചത്.
തുടർന്ന് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. പകുതി ദൂരം സഞ്ചരിച്ച് ഇരുപത്തിയാറിൽ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ചാക്കോയുടെ വയറിനാണ് ഗുരുതരമായി മുറിവേറ്റത്. കുടൽ ഉൾപ്പെടെ പുറത്തുവന്ന അവസ്ഥയിലായിരുന്നു. തുണിവച്ച് മൂടിക്കൊണ്ടാണ് ആശുപത്രിയിലേക്ക് പോയത്.
വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റുന്നതുവരെ ചാക്കോ സംസാരിച്ചിരുന്നു. കുത്തിയ പോത്ത് ഒരു ആയിരം കിലോ എങ്കിലും കാണുമെന്ന് ചാക്കോ പറഞ്ഞിരുന്നു. ഓക്സിജൻ വേണമെന്നും പറഞ്ഞു.
നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ചാക്കോയെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ചാക്കോയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ബിനോയ് പറഞ്ഞു.
എരുമേലിയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് അക്രമാസക്തനായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ജില്ലാ കളക്ടർ പി കെ ജയശ്രീ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി വി എൻ വാസവൻ ഇടപെട്ടാണ് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയത്.