തിരുവനന്തപുരം: ബില്ലുകള്‍ ഒപ്പിടാതെ വൈകിക്കുന്നു എന്ന ആരോപണത്തില്‍ കേരളാ ഗവര്‍ണര്‍ക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.
ഗവര്‍ണര്‍ എട്ടു ബില്ലുകള്‍ ഒപ്പിട്ടില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകള്‍ ഗവര്‍ണര്‍ അനാവശ്യമായി വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഗവര്‍ണറുമായി ബന്ധപ്പെട്ട തര്‍ക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇതിനായി എജി ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നേരത്തേ ഗവര്‍ണറുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചാബ്, ബംഗാള്‍, തമിഴ്നാട് സര്‍ക്കാരുടെ വഴിയേയാണ് കേരളാസര്‍ക്കാരും നീങ്ങുന്നത്. ഏറെ നാളത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് കേരളം ഈ നീക്കം നടത്തുന്നത്.
കേസില്‍ കേരളത്തിനായി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും.
രണ്ടു വര്‍ഷമായി മൂന്ന് ബില്ലുകളും ഒരു വര്‍ഷമായി മറ്റൊരു മൂന്ന് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ അനിശ്ചിതകാലമായി നീട്ടുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധവും ഭരണ സംവിധാനങ്ങളെ തകര്‍ക്കുന്നതും ചട്ടങ്ങളുടെ ലംഘനവുമാണെന്ന് 461 പേജുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു.
ബില്ലുകളുടെ വിവരങ്ങളടക്കം ഹര്‍ജിയില്‍ കാണിച്ചിട്ടുണ്ട്. ബില്ലുകള്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പിടാന്‍ സമയപരിധി പറഞ്ഞിട്ടില്ലെന്നും ഇത് അടിയന്തര ബില്ലുകള്‍ പോലും വൈകിപ്പിക്കാന്‍ കാരണമാകുന്നെന്നും പറഞ്ഞു.
നേരത്തേ തന്നെ സര്‍വകലാശാല വൈസ്ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണറുമായി പോരടിച്ച് സര്‍ക്കാര്‍ നിയമനടപടികള്‍ക്ക് പോയിരുന്നു. ഇത്തവണയും വരട്ടെ കാണാമെന്ന നിലപാടിലാണ് ഗവര്‍ണര്‍.
കോടതി കാര്യങ്ങള്‍ തെളിയിക്കട്ടെ എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയം എല്ലാം കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്.
എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ക്ക് അടയിരിക്കാന്‍ കഴിയിലെന്ന ഉപദേശമാണ് സംസ്ഥാന സര്‍ക്കാരിന് കിട്ടിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തേ തെലുങ്കാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.