ഒപ്പം നടക്കുമ്പോള്‍ രാഹുല്‍ കൈ പിടിച്ചതെന്തിന്; ബി.ജെ.പി നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍.

തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി.ജെ.പി പ്രചരിപ്പിച്ചത്. ‘രാഹുല്‍ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്’ എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.

ബി.ജെ.പി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗര്‍ പ്രതികരിച്ചു. താന്‍ നടക്കുന്നതിനിടയില്‍ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നല്‍കി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച്‌ പറഞ്ഞത് ബി.ജെ.പി നേതാവ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററില്‍ല്‍ കുറിച്ചു.

മുതിര്‍ന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ശരിയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡെ കുറിച്ചു. നിങ്ങള്‍ക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ഹാനികരമാണെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.

‘രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകളും പുരുഷന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നതിനെ കുറിച്ചാണോ നിങ്ങള്‍ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല അത് ബാബാസാഹെബ് അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും, ദയവ് ചെയ്ത് അവിടെ പോയി ഇരിക്കൂ’, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രീതിക്ക് മറുപടി നല്‍കി.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഇരയാണ് പ്രീതി ഗാന്ധിയെന്ന് കോണ്‍ഗ്രസ് എം.പി ജോതി മണി കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ മനസില്‍ ആഴത്തില്‍ വേരൂന്നിയ വിദ്വേഷത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്നും ഞങ്ങളോടൊപ്പം അല്‍പ്പം നടന്നാല്‍ നിങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ്: കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലുങ്കാനയിലൂടെ കടന്നുപോകുകയാണ്. വഴിയോരങ്ങളിലെല്ലാം നിരവധി പേരാണ് യാത്രക്ക് അഭിവാദ്യം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.

ഇതിനിടെ, ഞായറാഴ്ച രാവിലെ യാത്രക്കിടെ രാഹുല്‍ കുട്ടികള്‍ക്കൊപ്പം ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യാത്രക്കിടെ ഏതാനും കുട്ടികള്‍ രാഹുലിന് അടുത്തേക്ക് വന്നു. അല്‍പ നേരം നേതാവിനൊപ്പം നടന്നുനീങ്ങിയ കുട്ടികള്‍, ഞങ്ങള്‍ക്കൊപ്പം ഓട്ട മത്സരത്തിനുണ്ടോയെന്ന് ചോദിച്ചു.

അതെ എന്ന് പറഞ്ഞ രാഹുല്‍, അവര്‍ക്കൊപ്പം ഓടുന്നതാണ് വിഡിയോയിലുള്ളത്. എല്ലാവരെയും പിന്നിലാക്കി അതിവേഗത്തില്‍ അല്‍പനേരം ഓടിയ രാഹുല്‍, പിന്നാലെ വേഗത കുറച്ച്‌ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഈസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന നേതാക്കളും സുരക്ഷ ജീവനക്കാരും ഓട്ടത്തിന്‍റെ ഭാഗമായി.

Related posts

Leave a Comment