ഒടുവില്‍ നീതി തേടിയെത്തി; 82 കായിക താരങ്ങള്‍ക്കും ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗെയിംസില്‍ വെളളിയും വെങ്കലവും നേടിയ കായിക താരങ്ങളായ ഇവര്‍ 45 ദിവസമാണ് ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. ഒരുഘട്ടത്തില്‍ മുടി മുറിച്ചും മൊട്ടയടിച്ചും വരെ കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ജോലി വാഗ്ദാനം ചെയ്‌ത് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒന്നരമാസത്തിലേറെ കായിക താരങ്ങള്‍ സമരം നടത്തിയത്. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി മെഡല്‍ നേടിയവരാണ് ഇവര്‍. സ്വര്‍ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നല്‍കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
പിന്നീട് പൊതുമേഖല സ്ഥാപനങ്ങളില്‍ ഒഴിവില്ലെന്നും അതിനാല്‍ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നല്‍കുമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തു. എന്നാല്‍ സൂപ്പര്‍ ന്യൂമറി തസ്തികള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ വരുന്ന ഒഴിവുകളിലേക്കും തസ്തികളിലേക്കും ഇവരെ നിയമിക്കുമെന്നാണ് മന്ത്രി ഇ പി ജയരാജന്‍ പിന്നീട് പറഞ്ഞത്. ഇതും നടക്കാതെ വരികയും സ്‌പോര്‍ട്‌സ് കൗണ്‍സിലിലും താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയും ചെയ്‌തതോടെയാണ് താരങ്ങള്‍ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

Related posts

Leave a Comment