ഐപിഎൽ മാറ്റിവച്ച സംഭവം; ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയിൽ അധികമെന്ന് റിപ്പോർട്ട്

കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവച്ച സംഭവത്തിൽ ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയിൽ അധികമെന്ന് റിപ്പോർട്ട്. ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിനായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഐപിഎലിൽ നാലോളം താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൂർണമെൻ്റ് മാറ്റിവച്ചത്.

“പാതിവഴിയിൽ ടൂർണമെൻ്റ് നിർത്തിയതിനാൽ 2000 കോടിയ്ക്കും 2500 കോടിയ്ക്കും ഇടയിൽ രൂപ ഞങ്ങൾക്ക് നഷ്ടമായിട്ടുണ്ടാവും. 2200 കോടി രൂപയാവും ഏകദേശം കൃത്യമായ കണക്ക്.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

സ്റ്റാർ സ്പോർട്സുമായുള്ള സംപ്രേഷണക്കരാർ ആണ് ബിസിസിഐയുടെ പ്രധാന വരുമാന മാർഗം. ഇത് നഷ്ടമാവുന്നത് ബോർഡിന് കനത്ത തിരിച്ചടിയാവും. ബ്രോഡ്കാസ്റ്റ് സംപ്രേഷണക്കരാർ തുകയിൽ പാതിയേ ലഭിക്കാനിടയുള്ളൂ. ഒപ്പം, സ്പോൺസർമാരുടെ തുകയും പാതിയായി കുറയും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ എന്നിവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

 

Related posts

Leave a Comment