ഐഎഎസ് ദമ്പതികൾ ഒടുവിൽ വിവാഹ മോചനത്തിന്;രാജ്യം ആഘോഷിച്ച വിവാഹം

ന്യൂഡല്‍ഹി; രാജ്യം ആഘോഷിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹത്തിന് അകാലത്തില്‍ അവസാനം ഉണ്ടായിരിക്കുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിക്കുകയുണ്ടായി. 2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭര്‍ത്താവ് അതര്‍ ഖാനുമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച കാര്യം അറിയിച്ചിരിക്കുന്നത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

തുടര്‍ന്നു 2018ല്‍ നടന്ന വിവാഹം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ടിന ഒന്നാം റാങ്കുകാരിയും അതര്‍ രണ്ടാം റാങ്കുകാരനുമായിരുന്നു. ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് യുവതിയാണ് ടിന. ഒരു വയസ്സ് കൂടുതലുള്ള അതര്‍ കശ്മീര്‍ സ്വദേശിയാണ്. ഭോപാല്‍ സ്വദേശിയാണ് ടിന. ഇരുവരെയും ജയ്പുരിലാണ് നിയമനം ലഭിച്ചതും. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി ടിന വീണ്ടും ദേശീയശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു.

ഇവരുടെ വിവാഹത്തെ രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചിരുന്നു. ‘നിങ്ങളുടെ പ്രണയം കൂടുതല്‍ കരുത്താര്‍ജിക്കട്ടെ. അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകട്ടെ’- രാഹുല്‍ ആശംസിച്ചു. വെങ്കയ്യ നായിഡു, സുമിത്ര മഹാജന്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ഉന്നതര്‍ ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ജയ്പുര്‍, പഹല്‍ഗാം, ഡല്‍ഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

Related posts

Leave a Comment