ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉപാധികള്‍ വെച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. ഏകോപന സമിതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. അഞ്ഞൂറില്‍ അധികം സംഘടനകളെ പ്രതിനിധീകരിക്കുന്നതാണ് ഏകോപന സമിതി. നിലവില്‍ 32 സംഘടനകള്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്ഷണം ലഭിച്ചിട്ടുള്ളതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം മൂന്നുമണിക്കാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അതേസമയം, ഒരുവിഭാഗം കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് പോകാന്‍ തയ്യാറാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ്േ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃിഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് യോഗം ചേര്‍ന്നത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് കേന്ദ്രമന്ത്രിമാര്‍ യോഗം ചേരുന്നത്.