എ.സി മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് നീണ്ടത് 22 മണിക്കൂര്‍; ആസൂത്രിതമായ നീക്കമെന്ന് തോന്നിയതായി എംഎല്‍എ

തൃശൂര്‍: മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എ.സി െമായ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിവന്ന പരിശോധന അവസാനിച്ചത് 22ാം മണിക്കൂറില്‍.

ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. മൊയ്തീന്റെയും കുടുംബത്തിന്റെയും ബാങ്ക് ഇടപാടിന്റെയും ഭൂമി ഇടപാടിന്റെയും രേഖകള്‍ സംഘം പരിശോധിച്ചു.

മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയാണ് അന്വേഷണ സംഘം മടങ്ങിയത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. മൊയ്തീന്റെ വടക്കഞ്ചേരിയിലെ വീട്ടിലും കുന്നംകുളത്തെ എംഎല്‍എ ഓഫീസിലും പരിശോധന നടത്തി.

സിപിഎഗ നേതൃത്വവുമായി ബന്ധമുള്ള മറ്റു മൂന്ന് ഇടപാടുകാരുടെ വീട്ടിലും പരിശോധന നടന്നു.

മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരിക്കേ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയ്ക്കായി ആളെ ശിപാര്‍ശ ചെയ്തുവെന്ന പ്രതികളില്‍ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ പരിശോധന. എന്നാല്‍ അങ്ങനെയൊരാളെ അറിയില്ലെന്നാണ് മൊയ്തീറെ മറുപടി.

അതേസമയം, ഈഡി പരിശോധന ആസൂത്രിത നീക്കമായി തോന്നിയെന്ന് മൊയ്തീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വീടിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തി. അതില്‍ കുഴപ്പമില്ല.

അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment