എ രാജയ്ക്ക് താൽക്കാലിക ആശ്വാസം; ദേവികുളം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ

ന്യൂ ഡൽഹി:  ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി.

എന്നാൽ നിയമസഭയിൽ വോട്ട് ചെയ്യാനും നിയമസഭാ അലവൻസും പ്രതിഫലവും കൈപ്പറ്റാനും അവകാശമില്ല. കേസ് ഇനി പരിഗണിക്കുന്ന ജൂലൈ വരെയാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്.

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് എ രാജ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കേസിൽ വിശദമായ വാദം കേൾക്കണമെന്നും അതുവരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു എ രാജയ്ക്കായി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.

സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. നേരത്തെ സമാനമായ പല കേസുകളിലും സുപ്രീംകോടതി സ്റ്റേ അനുവദിച്ച കാര്യവും അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു.

അതേസമയം എ രാജ പരിവർത്തിത ക്രൈസ്തവ മതം പിന്തുടരുന്നുവെന്ന് രേഖകളിൽനിന്നു തെളിയുന്നതായി നിരീക്ഷിച്ച കോടതി ക്രിസ്തുമതം പിന്തുടരുന്നില്ലെന്ന് തെളിയിക്കാനുള്ള രേഖകൾ ഉണ്ടോയെന്നു ചോദിച്ചു.

എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ രേഖകളിൽ ഉള്ളത് പലതും അംഗീകരിക്കാനാവില്ലെന്ന് എ രാജയുടെ അഭിഭാഷകർ വാദിച്ചു.

കോടതിയിൽ ഹാജരാക്കിയ വിവാഹ ഫോട്ടോയിലെ വേഷം ഇടുക്കിയിലെ പല വിവാഹങ്ങളിലും ധരിക്കുന്ന വേഷം മാത്രമാണെന്നും ക്രിസ്തുമതക്കാർ മാത്രം ധരിക്കുന്ന വേഷമല്ലെന്നും എ രാജയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, എ രാജയുടെ കുടുംബത്തിനു നൽകിയ പട്ടയത്തിൽ ഇവർ പരിവർത്തിത ക്രൈസ്തവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പട്ടയം മറയ്ക്കാൻ ആർക്കും കഴിയില്ലെന്നുമായിരുന്നു പരാതിക്കാരനായ ഡി കുമാറിൻ്റെ അഭിഭാഷകൻ വാദിച്ചത്.

വ്യാജ രേഖകൾ നിർമ്മിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അതിനാൽ രാജയെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഡി കുമാറിൻ്റെ ആവശ്യം.

കഴിഞ്ഞമാസമാണ് ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിൽ സിപിഎമ്മിലെ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന ഡി കുമാറിൻ്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

Related posts

Leave a Comment