എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.

മല്ലപ്പള്ളി : കല്ലൂപ്പാറയിൽ ആൾത്താമസമില്ലാത്ത വീടിന് സമീപം എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് പാണൻതറ മാമ്ബള്ളിൽ വീട്ടിൽ അ‌ജു തോമസിന്റെ മകൻ ജോർജിയാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ ജോർജിയെ കാണാനില്ലായിരുന്നു. പൊലീസ് പറയുന്നത് : ഇരവിപേരൂരിൽ ജേക്കബ് സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് ജോർജിയുടെ പിതാവ് അജുതോമസ്. വ്യാഴാഴ്ച രാവിലെ പത്തരയോടെ പിതാവിനെ കാറിൽ കടയിൽ എത്തിച്ച്‌ വീട്ടിലേക്ക് മടങ്ങി. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജോർജിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മല്ലപ്പള്ളി പരിയാരമാണെന്ന് കണ്ടെത്തി.
മല്ലപ്പള്ളി – കോമളം റോഡരികിൽ കല്ലൂപ്പാറ തുരുത്തിക്കാട് ഇട്ടിക്കൽപടിയിലുള്ള പ്രവാസിയായ റെജിയുടെ അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റിന് മുന്നിൽ ഏറെനേരമായി കാർ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെട്രോൾ ഒഴിച്ച്‌ കത്തിച്ചനിലയിൽ മൃതദേഹം കണ്ടത്. കണ്ണാടി, ചെരിപ്പ്, മൊബൈൽ ഫോൺ എന്നിവ കാറിൽ ഉണ്ടായിരുന്നു. പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പി വീടിന്റെ പിറകിലുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസും കീഴ്‌വായ്‌പൂര് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. . മാതാവ്: ബിന്ദു. സഹോദരി: രമ്യ

Related posts

Leave a Comment