എസ് ഐയെ അടിച്ചത് തടിക്കഷ്ണത്തില്‍ ആണി തറച്ച്‌, സ്റ്റേഷന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ സമരക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 പേരാണ് ചികിത്സതേടിയത്.

ഇതില്‍ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു മാദ്ധ്യമപ്രവര്‍ത്തകനും ആശുപത്രിയിലെത്തി. പ്രദേശവാസികളില്‍ കുറച്ചു പേര്‍ ഇന്നലെയാണ് ചികിത്സതേടിയത്. ഇതില്‍ 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

സംഘര്‍ഷത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രൊബേഷന്‍ എസ്.ഐ ലിജു പി.മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് ലിജുവിന്റെ വലുതകാലില്‍ അടിച്ചത്.

അടിയുടെ ആഘാതത്തില്‍ ആണി കാലില്‍ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. മെഡിക്കല്‍ കോളേജില്‍ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാര്‍ഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നു.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐ.സി.യുവും സജ്ജമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭീതിയോടെ വ്യാപാരികള്‍

പരിസരപ്രദേശങ്ങളിലെ ഭൂരിപക്ഷം കടകളും ഇന്നലെ അടച്ചിട്ടു. ചില കടകള്‍ മാത്രം സമരാനുകൂലികള്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചെന്നാണ് ആക്ഷേപം.

സംഘര്‍ഷം ഭയന്ന് ഷട്ടറിട്ട കടകളുടെ പൂട്ടുകള്‍ പലതും പൊട്ടിച്ചു. സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലെ കസേരകള്‍ നശിപ്പിച്ചു. ടിയര്‍ ഗ്യാസ് പൊട്ടിച്ചതിന്റെ അസ്വസ്ഥതകളും പല വ്യാപാരികളും പങ്കുവച്ചു.

ഇനി സംഘര്‍ഷമുണ്ടായാല്‍ സംഘടിച്ച്‌ ചെറുക്കാനാണ് ഇവരുടെ തീരുമാനം. ആനവണ്ടികള്‍ക്കും കിട്ടി കല്ലേറ്

ഞായറാഴ്ച രാത്രി വിഴിഞ്ഞം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാട്ടാക്കടയിലേക്ക് പുറപ്പെടാനിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ നടന്ന ആക്രമണത്തില്‍ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. പൂവാര്‍ ഡിപ്പോയിലെ ബസിനുനേരെയും ആക്രമണമുണ്ടായി.

സംഘര്‍ഷവിവരം ലഭിച്ചതിനെത്തുടര്‍ന്ന് രാത്രി വൈകി വിഴിഞ്ഞം ഡിപ്പോയിലേക്ക് വന്നുകൊണ്ടിരുന്ന ബസുകള്‍ പിന്നീട് പാപ്പനംകോട് ഡിപ്പോയിലേക്ക് വഴിതിരിച്ചുവിട്ടു.

Related posts

Leave a Comment