കൊട്ടാരക്കര: പുത്തൂര്‍ ജങ്ഷനില്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നില്‍ മകന്റെ തല പൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുണ്ടറ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ മുളവന അംബികയില്‍ വൈഷ്ണവത്തില്‍ സുഗണന്റെയും ഭാര്യ പ്രീതയുടെയും മുന്നില്‍വെച്ചാണ് മകന് അമല്‍ പ്രസൂദിനെ (23) ആക്രമിച്ചത്. കാറില്‍ വരികയായിരുന്ന എസ്.ഐയെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി പ്രതികള്‍ അസഭ്യം പറഞ്ഞു. പുറത്തിറങ്ങിയ എസ്.ഐയെയും ഭാര്യയെയും പ്രതികള്‍ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്തു. അമലിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു. ഇയാള്‍ കൊട്ടാരക്കര താലൂക്കാശുപതിയില്‍ ചികിത്സ തേടി.
പുത്തൂര്‍ പൊലീസ് സംഭവം കേസില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടുറോഡില്‍ അക്രമം നടത്തിയതിന് എസ്.ഐക്കും മകനുമെതിരെയും കേസെടുത്തിട്ടുണ്ട്.