കൊച്ചി : പുത്തന്‍കുരിശില്‍ വയോധികയെ ക്രൂര പീഡനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെന്ന് അന്വേഷണസംഘം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
ക്രൂരപീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന എഴുപത്തിയഞ്ചുകാരി അപകടനില തരണം ചെയ്തു. സംഭവത്തില്‍ ഇത് വരെ മൂന്നുപേര്‍ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തത് ലോറി ഡ്രൈവറായ ആലുവ ചെമ്ബറക്കി സ്വദേശി മുഹമ്മദ് ഷാഫി. ഞായറാഴ്ച ഉച്ചക്ക് രണ്ടാം പ്രതി ഒാമനയുടെ വീട്ടില്‍വച്ചായിരുന്നു മനസാക്ഷി മരവിക്കുന്ന ക്രൂരത നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പുത്തന്‍കുരിശ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് രണ്ടാംപ്രതി ഒാമന. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഒാമനയുടെ മകന്‍ മൂന്നാം പ്രതി മനോജാണ് വൃദ്ധയെ കുത്തി പരുക്കേല്‍പ്പിച്ചത്.
ബലാല്‍സംഗത്തിലും, ആക്രമണത്തിലും ഗുരുതരമായി പരുക്കേറ്റ വൃദ്ധയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.