കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവത്തിലെ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറാട്ടില്ലെന്ന് ഡി ജി പി അനില്‍ കാന്ത്.
ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂര്‍ണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യു എ പി എ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുള്ളൂ.
പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡി ജി പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെെദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ.
കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ടെന്നും ഡി ജി പി വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, മഹാരാഷ്‌ട്ര പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്.
തീകൊളുത്താനായി പെട്രാേളോ മറ്റെന്തെങ്കിലുമാണോ ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു ഡി ജി പിയുടെ മറുപടി.
യൂട്യൂബ് ചാനല്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.