കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.
സ്‌കൂള്‍ അദ്ധ്യാപിക സുപ്രീനയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.
ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനുമായ ഷാജിയെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു.
സംഭവത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഇഒ ആണ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
അന്വേഷണത്തില്‍ രണ്ടുപേരും കുറ്റം ചെയ്തു എന്നാണ് എഇഒ യുടെ റിപ്പോര്‍ട്ട്. നേരത്തേ ഈ കേസില്‍ ഷാജിയെ അറസ്റ്റ് ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോള്‍ ഭാര്യ സുപ്രീനയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്ക് എതിരേ പരാതിയുണ്ടായിരുന്നു.
പോലീസിന് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ഈ യോഗത്തിലേക്ക് മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനായ ഷാജിയെത്തി അതിക്രമിച്ച് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഷാജി അധ്യാപകരെ ചവിട്ടുന്നത് ഉള്‍പ്പെടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
ഷാജിക്കെതിരേ അഞ്ച് അദ്ധ്യാപകരാണ് പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഷാജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബിജെപി അധ്യാപകസംഘടനയായ എന്‍ ടി യു വിന്റെ നേതാവും പ്രവര്‍ത്തകനുമാണ് ഷാജി.
ഷാജിയുടെ ഭാര്യയും എന്‍ടിയു പ്രവര്‍ത്തകയും എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീനയും സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
കയ്യാങ്കളിയില്‍ ഷാജിയും സുപ്രീനയും അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരുക്കേറ്റത്.