കൊച്ചി: ലഹരിമരുന്ന് കടത്തുകേസിലെ പ്രതിക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിന് പുറപ്പെട്ടു. നാളെ രാവിലെ ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ഇന്നു രാവിലെ പത്തിനാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിനീഷ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ബിനീഷിനോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന് നല്‍കിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിവരം തേടുന്നത്. ബെംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷിന് നേരത്തെ നോട്ടീസ് ലഭിച്ചത്.
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, ലഹരിമരുന്ന് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിലും അനൂപിന്റെ ലഹരിമരുന്ന് ബിസിനസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിനീഷ് മൊഴി നല്‍കിയിട്ടുണ്ട്.