തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീങ്ങുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളായ മറ്റ് ചിലരെയും ചോദ്യം ചെയ്യും. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ എന്‍ഐഎയോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇന്നലെ ശിവശങ്കറിനെ ചോദ്യം ചെയ്തത്. പേരൂര്‍ക്കട പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് നാലു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പതു മണിക്കാണ് അവസാനിച്ചത്. നേരത്തെ കസ്റ്റംസ് ഒന്‍പതു മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറിന്റെ വിദേശ യാത്രകളെക്കുറിച്ച് വിശദമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള യാത്രകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. വിദേശയാത്രകളില്‍ ആരൊക്കെ ഒപ്പമുണ്ടായിരുന്നു, താമസിച്ചത് എവിടെ, സഹായങ്ങള്‍ നല്‍കിയത് ആരൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ എന്‍ഐഎ വ്യക്തത തേടി. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ നേരത്തേ എന്‍ഐഎ ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ശിവശങ്കറില്‍ നിന്നും ലഭിച്ചുവെന്നാണ് വിവരം. ഇതോടെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ആയിരുന്നയാളെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് നേരെയും ആരോപണം ഉയര്‍ന്നിരുന്നു.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രിയുടെ ഓഫീസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹണിയെ എന്‍ഐഎ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്ന വിവരങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഹണിയെ ചോദ്യം ചെയ്തത്.
സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗങ്ങളുടെയും മേല്‍നോട്ട ചുമതലക്കാരനാണ് ഹണി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റും സിപിഎം സെക്രട്ടേറിയറ്റ് ഫ്രാക്ഷന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ഹണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വസ്വാതന്ത്ര്യമാണ്. എംപ്ലോയീസ് അസോസിയേഷനെ നിയന്ത്രിക്കുന്നത് എകെജി സെന്റര്‍ നേരിട്ടും.
വിവിധ പദ്ധതികള്‍ക്ക് വേണ്ടിയുള്ളവര്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ എത്തുമ്ബോഴും താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുമ്ബോഴും ഈ വിവരം എകെജി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഹണിയാണ്. ഹണിയെയും എന്‍ഐഎ ചോദ്യം ചെയ്തതോടെ സ്വര്‍ണക്കടത്ത് കേസ് പാര്‍ട്ടിയിലേക്കും നീളുമെന്ന് ഉറപ്പായി.