മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഒരു കമന്‍റ് വൈറല്‍ ആകുകയാണ്. കമന്‍റ് എന്ന് പറഞ്ഞാല്‍ പോര, ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനുമായ സഞ്ജു വി സാംസന് ചാക്കോച്ചന്‍ നല്‍കിയ ഒരു മറുപടിയാണ് വൈറലായത്. ആ കഥ ഇങ്ങനെ, പൊതുവെ സ്പോര്‍ട്സില്‍ അതീവ തല്‍പരനാണ് നമ്മുടെ നായകന്‍. അതുകൊണ്ടുതന്നെ ലോക്ക്ഡൗണിനിടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പങ്കുവെക്കാന്‍ ഒരു വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കു ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റു ചെയ്തത്. സ്റ്റംപ് കുത്തിയാണ് താരത്തിന്റെ കളി. വിക്കറ്റ് തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. വിക്കറ്റിന് പിന്നില്‍ ക്യാമറ വെച്ച് ഇത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പകര്‍ത്തിയത്.
പതിവുപോലെ ഈ വീഡിയോ വൈറലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. നൂറുകണക്കിന് ആരാധകര്‍ ചാക്കോച്ചന്‍റെ വീഡിയോ ലൈക് ചെയ്തു. നിരവധി പേര്‍ കമന്‍റിടുകയും ചെയ്തു. അതില്‍ മിക്ക കമന്‍റുകളും വളരെ രസകരമായിരുന്നു. എന്നാല്‍ ഒരു ക്രിക്കറ്റ് പ്രമുഖന്‍റെ കമന്‍റ് വന്നതോടെയാണ് കഥ മാറുന്നത്. ‘ഒരു ബാറ്റ്സ്മാമാന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നു’- ഇതായിരുന്നു സഞ്ജുവിന്‍റെ കമന്‍റ്. ഒട്ടും വൈകിയില്ല, സഞ്ജുവിന്‍റെ ഈ കമന്‍റിന് ഉരുളയ്ക്കു ഉപ്പേരി പോലെ കുഞ്ചാക്കോ ബോബന്‍റെ മറുപടിയും എത്തി. ‘എന്നെ പഞ്ഞിക്കിടാന്‍ അല്ലേ’ എന്നാണ് കുഞ്ചാക്കോ മറുപടിയായി കുറിച്ചത്. സഞ്ജുവിന്റെ കമന്റും അതിനുള്ള ചാക്കോച്ചന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പൊതുവെ കോവിഡ് ലോക്ക്ഡൌണും കാരണം കേരളത്തില്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നത് കുഞ്ചാക്കോ ബോബന്‍റേതാണ്. ഇതിനോടകം മൂന്നു സിനിമകളാണ് അദ്ദേഹത്തിന്‍റേതായി റിലീസ് ചെയ്തത്. ഇതില്‍ പൊലീസുകാരനായി അദ്ദേഹം അഭിനയിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസായത്. ചിത്രത്തിന് മികച്ച അഭിപ്രായമാണുള്ളത്. കുഞ്ചാക്കോ ബോബന്‍റെ അഭിനയവും മികച്ചതാണെന്നാണ് ആരാധകര്‍ക്കുള്ളത്. നയന്‍താരയ്ക്കൊപ്പമുള്ള നിഴല്‍ എന്ന സിനിമയും നല്ല അഭിപ്രായം നേടിയിട്ടുണ്ട്.
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്നു സഞ്ജു വി സാംസണ്‍. പതിവു പോലെ തുടക്കം നന്നായെങ്കിലും കൂടുതല്‍ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇത്തവണ ഐ പി എല്ലില്‍ സെഞ്ച്വറിയടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ പ്രതീക്ഷച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ടീമിന്‍റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ പി എല്‍ ഒക്ടോബറില്‍ യു എ ഇയില്‍വെച്ച് നടത്താന്‍ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്. 60 മത്സരങ്ങളുള്ള ഐപിഎല്ലില്‍ 29 എണ്ണം മാത്രമാണ് നടന്നത്.