വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി സൈബര്‍ ബുള്ളിയിങ് നടത്തുന്നത് അടുത്തിടെ വര്‍ധിച്ച് വരുന്ന സ്ഥിതി വിശേഷമാണ് സോഷ്യല്‍മീഡിയയില്‍. ഇതിന് ഇരിയാകുന്നവരില്‍ ഏറെയും സിനിമ താരങ്ങളായ സ്ത്രീകള്‍. അതിപ്പോ കൗമാരക്കാരിയായാലും മുതിര്‍ന്ന സ്ത്രീയായാലും ബാലികയായാലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല. എത്ര ബോധവത്ക്കരണം നല്‍കിയാലും നന്നാവില്ലെന്ന് തീരുമാനമെടുത്ത ചിലരാണ് നടിമാരുടെ ഫോട്ടോഷൂട്ടുകളെ പിന്തുടര്‍ന്ന് ചെന്ന് ചീത്തവിളിച്ചും ആക്ഷേപിച്ചും സംതൃപ്തി അടയുന്നത്.അത്തരത്തില്‍ അമലാ പോള്‍ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കും ട്രോളന്മാര്‍ക്കും നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
വിവാഹമോചനത്തിന് ശേഷം എന്ത് മോഡേണ്‍ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് സൈബര്‍ ലോകം നടിയുടെ ചിത്രങ്ങളോട് പ്രതികരക്കാറ്. അടുത്തിടെ ബീച്ചില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അമലാപോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ടതും അതീവ ഗ്ലാമറസാണ് ചിത്രങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേര്‍ കമന്റുകള്‍ ചെയ്തു. വ്യായാമത്തിലും ബോഡി ഫിറ്റ്നസിലും അതീവ ശ്രദ്ധാലുവായ അമല പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.