തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെ തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന്റെ വക ഫ്ളക്സ് ബോര്‍ഡ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാര്‍ശ കത്താണ് ഫ്ളക്സ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്നത്.
ഷാഫി പറമ്പിലിന്റെ ഒപ്പോടു കൂടി, 2011 ഓഗസ്റ്റ് 25-ാം തീയതിയിലേതാണ് കത്ത്.
‘റെസ്പെക്റ്റഡ് സിഎം, നിരവധി വര്‍ഷങ്ങളായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകള്‍, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാര്‍ട്ടി താല്‍പര്യത്തില്‍ വാദിക്കുന്ന വക്കീലാണ് ബിജു.
പാഠപുസ്തക സമരമുള്‍പ്പെടെ, കേസുകളില്‍ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എസ്.എസ്.ബിജുവിനെ അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു’- കത്തില്‍ പറയുന്നു.
കത്തിനെ പരിഹസിച്ചാണ് സി.പി.എമ്മിന്റെ ഫ്ളക്സ് ബോര്‍ഡ്. ‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’ എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റര്‍ പാഡില്‍ തയാറാക്കിയതുപോലുള്ള കത്ത് ഫ്ലക്സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇതിനു താഴെ ‘ഉപദേശം കൊള്ളാം വര്‍മ സാറെ, പക്ഷേ…’ എന്നും എഴുതിയിട്ടുണ്ട്.