എന്‍ക്വയറി കമ്മീഷന്‍ ആക്‌ട് മറന്ന് ആദ്യ അട്ടിമറി; ഹേമാ കമ്മറ്റിയില്‍ പുറത്തായത് ഉപദേശം മാത്രം; ‘വ്യക്തിപരം’ ഒഴിവാക്കി ചിലരെ രക്ഷിച്ചു; കേരളം ഞെട്ടില്ല

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റേതായി പുറത്തു വരുന്ന രേഖകളില്‍ വ്യക്തിവിവരങ്ങള്‍ ഒന്നും ഉണ്ടാകില്ല.

സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീകളോടുള്ള ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുന്ന വെളിപ്പെടുത്തലും അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് പുറത്തു വരിക. 233 പേജുകള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടക്കം കൈമാറാന്‍ സാംസ്‌കാരിക വകുപ്പില്‍ ധാരണായിട്ടുള്ളത്. നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരേയും ആരോപണ മുനയില്‍ എത്തിക്കുന്ന വിവാദങ്ങളൊന്നും അതിലുണ്ടാകില്ല. മൊഴികളില്‍ അന്വേഷണം നടത്തി ആധികാരികത ഉറപ്പിക്കാന്‍ ജസ്റ്റീസ് ഹേമാ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ശുപാര്‍ശയോടെയാണ് ഹേമാ കമ്മറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഗുരുതര ആരോപണങ്ങള്‍ പുറത്തു വിടുന്നതില്‍ നിന്നും ഒഴിവാക്കുന്നത്.

സിനിമാ മേഖലയിലെ 51 സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലരും ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. അതില്‍ പലതും വ്യക്തിപരമായിരുന്നു. സിനിമയിലെ പല പ്രമുഖരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പല വിശദാംശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിനിമാ സംഘടനകള്‍ പോലും കരുതലെടുത്താണ് ഇതിനോട് പ്രതികരിച്ചത്. താര സംഘടനയായ അമ്മ നിലപാട് കൃത്യമായി പറഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ഫെഫ്കയും ഹേമാ കമ്മറ്റിയുമായി സഹകരിച്ചെങ്കിലും പിന്നീട് താല്‍പ്പര്യം കുറഞ്ഞുവെന്നും വിലയിരുത്തലെത്തി. മൊഴി നല്‍കിയ സ്ത്രീകളില്‍ മിക്കവരും പീഡന പരാതിയാണ് ഉന്നയിച്ചതെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം പീഡനാരോപണങ്ങളെ മറച്ചു. ഫലത്തില്‍ സിനിമാ മേഖലയില്‍ എങ്ങനെ സ്ത്രീ സൗഹൃദമാക്കാമെന്നതിലേക്ക് പുറത്തു വന്ന വിവരങ്ങള്‍ ചുരുങ്ങി. സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്ബോള്‍ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിര്‍മാണ കമ്ബനികള്‍ അത് ഉറപ്പാക്കേണ്ടതുണ്ട് തുടങ്ങിയ ശുപാര്‍ശകളും കമ്മീഷന്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്‍ക്വയറി കമ്മീഷന്‍ ആക്‌ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല. അതുകൊണ്ട് തന്നെ ഈ കമ്മീഷന്‍ ശുപാര്‍ശയില്‍ നടപടികള്‍ എടുക്കേണ്ട സാഹചര്യവുമില്ല. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ ഓരോ നീക്കവും ഇനി സര്‍ക്കാര്‍ കരുതലോടെ മാത്രമേ എടുക്കൂ. വിവാദങ്ങളൊന്നും പുറത്തു വരാത്തതു കൊണ്ട് തന്നെ സിനിമയിലെ പല ഉന്നതരും സേഫ് സോണിലുമാകും. എന്‍ക്വയറി കമ്മീഷന്‍ ആക്‌ട് പ്രകാരം കമ്മീഷനെ നിയമിക്കാത്തതു പോലും അട്ടിമറിയായി കരുതുന്നവരുണ്ട്. അങ്ങനെ നിയമിച്ചിരുന്നുവെങ്കില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ടി വരുമായിരുന്നു. ഇതിനൊപ്പം എടുത്ത നടപടികളും നിയമസഭയെ അറിയിക്കണമായിരുന്നു.

സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. 2017 മുതല്‍ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തു വന്നത് ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷന്‍ 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി.

Related posts

Leave a Comment