എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാലുപേർ വെന്തുമരിച്ചു, തീ പടർന്ന എണ്ണ പാലത്തിൽ നിന്ന് ചോർന്നൊലിച്ചു

മുംബൈ: പൂനെ – മുംബൈ എക്‌സ്‌പ്രസ്‌ വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാല് മരണം. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ടാങ്കർ മറിഞ്ഞ് എണ്ണ ഒഴുകിയതിനെ തുടർന്ന് തീ പടരുകയായിരുന്നു. നാല് പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേറ്റതായും അധികൃതർ അറിയിച്ചു.മരിച്ചവർ ടാങ്കറിൽ ഉണ്ടായിരുന്നവരാണോ എന്നാണ് അന്വേഷിക്കുന്നത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് പാത താൽക്കാലികമായി അടയ്ക്കുകയും ഗതാഗതം വഴിതിരിച്ച് വിടുകയും ചെയ്തു.

തീ പടന്ന എണ്ണ പാലത്തിൽ നിന്ന് ചോർന്നൊലിച്ച് താഴെയുള്ള റോഡിലേക്ക് ഒഴുകുകയായിരുന്നു. ഈ സമയം പാലത്തിന് അടിയിലുണ്ടായിരുന്ന വാഹനങ്ങളിലുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്.

പാലത്തിന് താഴെയുള്ള റോഡിലൂടെ ബൈക്കിൽ എത്തിയ വ്യക്തി മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ഇയാളുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായം നൽകുകയും തുടർ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടു പോയി.

എക്‌സ്‌പ്രസ്‌വേ പോലീസ്, പൂനെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, ലോണാവാല, ഖോപോളി മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള അഗ്നിശമന സേന എന്നീ സംഘങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related posts

Leave a Comment