തിരുവനന്തപുരം: അതിസാരം ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. കാട്ടക്കട മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്ബതികളുടെ മകൻ ആദിത്യനാഥാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിക്ക് പനിയും വയറുവേദനയും അനുഭവപ്പെട്ടത്. തുടർന്ന് മലയിൻകീഴുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടില്‍ എത്തിയ കുട്ടിക്ക് രാത്രിയോടെ വയറിളക്കം രൂക്ഷമായി. വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കിടത്തി ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആദിത്യനാഥ്. കഴിഞ്ഞ ദിവസം കുട്ടിയും കുടുംബവും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയും കുടുംബം സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ അറിയാനാകൂ എന്ന് എസ്‌എടി ആശുപത്രി അധികൃതർ അറിയിച്ചു.