കുന്നംകുളം: എട്ടു വയസ്സുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും.
പാലക്കാട് ആലത്തൂര്‍ വണ്ടാഴി വന്നാംകോട് വീട്ടില്‍ സെയ്ത് മുഹമ്മദിനെയാണ് (47) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയെങ്കിലും ഭയം കാരണം കുട്ടി സംഭവം പറഞ്ഞില്ല. പിന്നീട് കുട്ടിയില്നിന്നുതന്നെ സംഭവം വീട്ടുകാര്‍ അറിഞ്ഞെങ്കിലും പരാതി നല്‍കാതെ മൂടിവെച്ചു. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ മനസ്സിലാക്കി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.സി. രാമനാഥന് രജിസ്റ്റര്‍ ചെയ്ത കേസില്‍ വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി. സലിംകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) കെ.എസ്. ബിനോയ് ഹാജരായി.