തിരുവനന്തപുരം : വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്.
കെഎംപിജിഎ അസോസിയേഷന്‍ അദ്ധ്യക്ഷ അജിത്രയെ അപമാനിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇന്നലെയായിരുന്നു ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ എത്തിയ അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചത്.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍വെച്ചായിരുന്നു സംഭവം. കാലിന് മുകളില്‍ കാല് കയറ്റിവെച്ചാണ് അജിത്ര ഇരുന്നത്. ഇതുകണ്ടെത്തിയ ജീവനക്കാരന്‍ ഇവിടെ ധാരാളം വലിയ ആളുകള്‍ വരുന്നതാണെന്നും കാല് താഴ്‌ത്തിയിട്ടിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ താഴ്‌ത്തിയിട്ടിരിക്കാന്‍ പറ്റില്ലെന്നും തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും അജിത്ര മറുപടി നല്‍കി. ഇതിനോട് എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം.
സംഭവത്തില്‍ അജിത്ര ഉടന്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിലാണ് ജീവനക്കാരനെതിരെ കേസ് എടുത്തത്. സംഭവത്തില്‍ അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.