തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത.
10 മണിക്കൂര്‍ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യംചെയ്യലില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹെയ്തര്‍ ഫ്ലാറ്റിലും ഹില്‍ട്ടണ്‍ ഹോട്ടലിലും നടത്തിയ റെയ്ഡില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ചെയര്‍മാനായിരുന്ന കേരള ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ നിന്ന് എന്‍ ഐഎയും റെയ്ഡിലൂടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കള്ളക്കടത്ത് നടന്ന ദിവസങ്ങളില്‍ പ്രതികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ ഉള്‍പ്പടെ പുറത്തു വന്ന സാഹചര്യത്തില്‍ ഹെയ്തര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്‍റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
അരുണ്‍ ബാലചന്ദ്രന്‍ വഴി പ്രതികള്‍ക്ക് റൂം വാടകയ്ക്ക് എടുത്ത് നല്‍കിയ എം. ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാകും ഇനിയുള്ള ചോദ്യം ചെയ്യല്‍.
അതേസമയം കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും എം. ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്‍റെ ഭാഗമായുള്ള എന്‍ഐഎ, കസ്റ്റംസ് റെയ്ഡുകള്‍ ഇന്നും തുടരും. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിയ്ക്കുന്നത്. സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ ശിവശങ്കറിന്റെ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് നീങ്ങാന്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും പ്രോട്ടോക്കോള്‍ പ്രശ്നവും ഇനിയില്ല.