കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്റെ മാര്‍ഗ ദര്‍ശിയായിരുന്നെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ തന്നെ അഭിഭാഷകനാണ് ഇക്കാര്യം കോടതിവളപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന് മറുപടി നല്‍കുന്നതിനുള്ള പോസ്റ്റിങ്ങായിരുന്നു ഇന്നുണ്ടായിരുന്നത്.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. സ്വപ്നയില്‍നിന്ന് കണ്ടെത്തിയ ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചതാണ് എന്നതിനു തെളിവായി ഇവര്‍ വിവാഹത്തിന് 120 പവന്‍ സ്വര്‍ണം ധരിച്ചു നില്‍ക്കുന്ന ചിത്രം കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎയുടെ വാദം ചില സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാണിച്ചാണ്. പ്രതികളുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതൊഴികെ മറ്റു തെളിവുകളൊന്നും എന്‍ഐഎയ്ക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണ് എന്നായിരുന്നു കോടതിയില്‍ ചോദ്യം ഉന്നയിച്ചത്. എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് തുടങ്ങിയവര്‍ ഇത് അന്വേഷിക്കുന്നുന്നുണ്ട്. സാമ്ബത്തിക കുറ്റകൃത്യത്തിന്, അതുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളുള്ളപ്പോള്‍ യുഎപിഎ എന്തിനാണെന്നും ചോദിച്ചിട്ടുണ്ട്.
സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും ശിവശങ്കര്‍ മാര്‍ഗദര്‍ശിയാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നാണ് എന്‍ഐഎ കോടതിയില്‍ പറഞ്ഞത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ല. കേസെടുത്ത് 25 ദിവസമായിട്ടും എന്‍ഐഎ നില്‍ക്കുന്നത് പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ്.
എന്‍ഐഎയ്ക്ക് ഇതുവരെയും തെളിവ് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. പൂര്‍ണമല്ലാത്ത കേസ് ഡയറിയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത് എന്ന് തര്‍ക്കവും ഉന്നയിച്ചു.
സ്വപ്നയില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണം പൂര്‍ണമായും ആഭരണങ്ങളാണ്. അത് സ്വര്‍ണക്കട്ടി ആയിരുന്നെങ്കില്‍ വേറൊരു മാനം ഉണ്ടെന്നു പറയാമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇത് അവരുടെ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യത്തിനോ സൂക്ഷിച്ചതായിരുന്നു. അവരില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.
അത് സ്വര്‍ണക്കടത്തില്‍നിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകള്‍. അതു ശരിയല്ലെന്ന് അന്വേഷിച്ച് തെളിയിക്കാതെ അവരെ കുറ്റവാളിയാക്കാനാവില്ലെന്നും കോടതിയില്‍ വാദിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പത്താം തീയതിയിലേക്കു മാറ്റി വച്ചു.