എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ് ബ്യൂറോയില്‍

സിപി(ഐ)എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master) പോളിറ്റ് ബ്യൂറോയില്‍.പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയില്‍ ഒഴിവ് വന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്.സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്‌ രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28നാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്.

1996ലും 2001ലും 2021ലും തളിപ്പറമ്പില്‍നിന്ന്‌ നിയമസഭയിലെത്തി. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ്‌ പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐ എം കാസര്‍കോട്‌ ഏരിയ സെക്രട്ടറിയായും കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി, മാര്‍ക്‌സിസ്‌റ്റ്‌ സംവാദം ചീഫ്‌ എഡിറ്ററായിരുന്നു.

തളിപ്പറമ്പ് പരിയാരം ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ രാഷ്‌ട്രീയരംഗത്ത്‌ സജീവമായി. അടിയന്തരാവസ്ഥയില്‍ ജയിലിലായി. കടുത്ത പൊലീസ്‌ വേട്ടയ്‌ക്ക്‌ ഇരയായി. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈനാ ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

 

Related posts

Leave a Comment