കൊച്ചി: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും പ്രതിരോധം തീര്‍ത്ത് ഇടത് അനുകൂല സാഹിത്യകാരന്മാര്‍.
സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചുമാണ് എം.ടി പറഞ്ഞതെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മനുഷ്യാനുഭവങ്ങളെ അടുത്തു കാണുന്ന ഒരെഴുത്തുകാരന്‍ പറയേണ്ട വാക്കുകളാണത്.
എന്നാല്‍ രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വേദിയില്‍ ഉല്‍ഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു.
ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതില്‍ അത്ഭുതമില്ല. അധികാരമെന്നാല്‍ സംസ്ഥാന സര്‍ക്കാരും മറ്റു തദ്ദേശിയ ഗവര്‍മ്മണ്ടുകളുമാണ് എന്ന് സ്ഥാപിച്ച് ഇന്ത്യക്കുമേല്‍ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്റെ നേതാവായ നരേന്ദ്രമോഡിയേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അടിമമാധ്യമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.
ഇന്നലെത്തന്നെ എം.ടി. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിര്‍ന്ന എഴുത്തുകാരന് തന്റെ പ്രസംഗത്തിന്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളി എന്ന നിലക്ക് നമുക്ക് അപമാനമാണ്.
വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങള്‍.
അവരുടെ ദയനീയവും ദൗര്‍ഭാഗ്യകരവുമായ അവസ്ഥ ആര്‍ക്കും ബോധ്യമാവും. ഇന്ത്യന്‍ അധികാരിവര്‍ഗ്ഗം ഒരിക്കല്‍ ലോക്കപ്പിലിട്ട് തീര്‍ക്കാന്‍ ശ്രമിച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.
ഭരണവര്‍ഗ്ഗ മാധ്യമങ്ങള്‍ സിണ്ടിക്കേറ്റ് രൂപീകരിച്ച് അദ്ദേഹത്തെ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. തകര്‍ന്നടിഞ്ഞ ആ നുണക്കോട്ടകള്‍
നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തിലെ വലിയ മാലിന്യശേഖരമാണ്. എന്നിട്ടും വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിന്റെ സുമുന്നത നേതാവായി തുടരുന്നത് അവര്‍ക്ക് സഹിക്കാനാവുന്ന കാര്യമല്ല.
ആ അസഹിഷ്ണത തുടരട്ടെ.
പക്ഷേ അത്തരം നീക്കങ്ങള്‍ക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്.- അശോകന്‍ ചരുവില്‍ പറയുന്നു.
എന്നാല്‍ എം.ടി നടത്തിയത് വിമര്‍ശനമല്ല, യഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായി എന്‍.ഇ സുധീര്‍ പ്രതികരിച്ചു. വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്.
‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.
‘
തന്റെ കാലത്തെ രാഷ്ട്രീയയാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു
എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.- സുധീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.