കോട്ടയം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എം.ജി. സര്‍വകലാശാലയുടെ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകള്‍ പുനരാരംഭിക്കുക.
മെയ് 18, 19 തീയതികളില്‍ യഥാക്രമം ആറ്, നാല് സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ പുനരാരംഭിക്കും. മെയ് 25 മുതല്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ നടക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 25, 28 മുതല്‍ അതത് കോളേജുകളില്‍ നടക്കും.നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ പരീക്ഷകള്‍ മെയ് 25-ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ എട്ടിനാണ് തുടങ്ങുന്നത്.
യു.ജി.സി രണ്ടാംസെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടാമത്തെ ആഴ്ചമുതല്‍ നടക്കും. രണ്ടാംസെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ജൂണില്‍ പൂര്‍ത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നു മുതല്‍ ഒമ്ബത് കേന്ദ്രത്തിലായി ഹോം വാല്യുവേഷന്‍ രീതിയില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.