ഊട്ടിയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി ; കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് ഊട്ടിയില്‍ നിന്ന് മലപ്പുറം പോലീസ് കണ്ടെത്തിയത്.

വിഷ്ണുജിത്ത് പോലീസ് സംഘത്തിനൊപ്പമുണ്ടെന്ന് മലപ്പുറം എസ്പി എസ് ശശിധരൻ അറിയിച്ചു. കാണാതായപ്പോള്‍ മുതല്‍ സ്വിച്ച്‌ ഓഫായിരുന്ന ഇയാളുടെ ഫോണ്‍ തിങ്കളാഴ്ച രാത്രിയോടൈ ഓണായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

ഈ മാസം എട്ടിനായിരുന്നു വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പാലക്കാട്ടേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവിടെയെത്തി സുഹൃത്തിന്റെ പക്കല്‍നിന്ന് 1 ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്ബോഴാണ് കാണാതായത്.

പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. വിഷ്ണുജിത്ത് പാലക്കാട് കെഎസ്‌ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Related posts

Leave a Comment