ഉയര്‍ന്ന പിഴ ഏര്‍പെടുത്തിയത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായി പോലീസ്; വരും ദിവസങ്ങളിലും കര്‍ശന പരിശോധന, മുഖം നോക്കാതെ നടപടി, ത്രിപ്പിളടിച്ച്‌ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തന്ത്രം മാറ്റിപ്പിടിച്ചു

ഉയര്‍ന്ന പിഴ ഏര്‍പെടുത്തിയത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായി പോലീസ്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് കാസര്‍കോട് ട്രാഫിക് പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പിടിയിലാകുന്നവരോട് യാതൊരു ദയാദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രം വാഹനമോടിച്ചതിന് മൂന്നു പേര്‍ക്ക് പിഴയിട്ടു. പുതുക്കിയ നിയമഭേദഗതി പ്രകാരം ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 1,000 രൂപയാണ് പിഴശിക്ഷ.കാസര്‍കോട്ട് വിദ്യാര്‍ത്ഥികളടക്കം ബൈക്കില്‍ ത്രിപ്പിളടിച്ച്‌ ചീറിപ്പായുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവരെ പിടികൂടാന്‍ നമ്ബര്‍ ശേഖരിച്ച്‌ പിന്നീട് വിളിച്ചുവരുത്തി നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ബൈക്കോടിക്കുന്നവരുടെ വാഹന നമ്ബര്‍ ശേഖരിച്ച്‌ ആര്‍ സി ഉടമയ്‌ക്കെതിരെയും വണ്ടി ഓടിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ സമയങ്ങളിലെ കുട്ടിഡ്രൈവര്‍മാരുടെ ഓട്ടത്തിനും പിടിവീഴുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Related posts

Leave a Comment