കാസര്‍കോട് > ഹെലികോപ്റ്ററില്‍ പറന്ന് കോന്നിക്കൊപ്പം മഞ്ചേശ്വരത്തും മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്തും നിലംതൊട്ടില്ല. മഞ്ചേശ്വരത്ത് 65,013 വോട്ട് നേടിയെങ്കിലും ജയിക്കാനായില്ല. മുസ്ലിംലീഗിലെ എ കെ എം അഷ്റഫ് 745 വോട്ടിനാണ് ജയിച്ചത്.
ഇവിടെ സിപിഐ എം സ്ഥാനാര്‍ഥി വി വി രമേശന്‍ 40,639 വോട്ട് നേടി മുന്നേറ്റമുണ്ടാക്കി. 2016–-ല്‍ 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. മംഗളൂരുവില്‍നിന്ന് സംഘപരിവാറുകാര്‍ കന്നഡ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ പണമൊഴുക്കി നടത്തിയ പ്രചാരണത്തിലൂടെ നിയമസഭയില്‍ കയറിക്കൂടാമെന്നായിരുന്നു സുരേന്ദ്രന്റെ മോഹം. കടുത്ത വര്‍ഗീയപ്രചാരണവും നടത്തി. കര്‍ണാടകയിലെ ബിജെപി മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മഞ്ചേശ്വരത്ത് തമ്ബടിച്ചാണ് പ്രചാരണം നടത്തിയത്.
കഴിഞ്ഞ തവണ അഞ്ഞൂറില്‍പ്പരം വോട്ടുനേടിയ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണയും പത്രിക നല്‍കിയിരുന്നു. ഇത് പരാജയത്തിന് കാരണമാകുമെന്നു കരുതിയ ബിജെപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചതും ഫലം കണ്ടില്ല.
ജനവിധി അംഗീകരിക്കുന്നു: കെ സുരേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിനനുകൂലമായ ജനവിധി അംഗീകരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എന്‍ഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി.
പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വര്‍ഗീയ ധ്രുവീകരണമുണ്ടായി. തെരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ച് പാര്‍ടിക്കകത്തും മുന്നണിയിലും വിശദമായ ചര്‍ച്ച നടത്തും– സുരേന്ദ്രന്‍ പറഞ്ഞു.