കോട്ടയം: നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലെത്തി.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പുലർച്ചെ നാലുമണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്.
ഡിസിസി ഓഫീസിന് മുന്നിൽ പൊതുദർശനത്തിനായി 20 മിനിറ്റ് സമയമാണ് അനുവദിച്ചത്.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാജ്ഞലി അർപ്പിക്കാൻ നാടിൻ്റെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി.
രാഷ്ട്രീയ വ്യത്യാസമില്ലാതെ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാനായി കാത്തുനിന്നത്.
പുലർച്ചെ നാലുമണിക്ക് എത്തിയ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തെ കോടിമത പാലത്തിനരികിൽ നിന്നുതന്നെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
നൂറുകണക്കിന് അകമ്പടി വാഹനങ്ങളുടെ പിന്തുണയിലാണ് ഉമ്മൻ ചാണ്ടി തന്റെ അവസാന യാത്രയ്ക്കായി കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.
മുദ്രാവാക്യം വിളികളും കണ്ഠമിടറയുള്ള, കണ്ണീരണിയുന്ന ഓർമ്മകളുമായി പ്രവർത്തകർ റോഡിൻ്റെ ഇരുവശത്തും നിരന്നുനിന്നു.
സാധാരണക്കാരായ ആളുകൾ ഉമ്മൻ ചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റി അദ്ദേഹത്തെ ഒരുനോക്ക് കാണാനായി കാത്തുനിൽക്കുകയായിരുന്നു.