കണ്ണൂര്‍: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ദീപക്, സിഒടി നസീര്‍, ബിജു പറമ്ബത്ത് എന്നിവരാണ് കുറ്റക്കാര്‍.
2013 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച കേസിലാണ് വിധി. കുറ്റപത്രത്തിലെ 18, 88, 99 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി മുന്‍ എംഎല്‍എ സി. കൃഷ്ണന്‍ അടക്കം പ്രമുഖ സി.പിഎം പ്രവര്‍ത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. 326, പി.ഡി.പിപി ആക്‌ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
സോളാര്‍ ഇടപാടുമായി ബന്ധപെട്ട കേസിലെ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇടതുമുന്നണി പ്രക്ഷോഭം നടത്തിയിരുന്നു.
അതിനിടയില്‍, സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കരിങ്കൊടികളുമായെത്തിയ ഇടതു മുന്നണി പ്രവര്‍ത്തകര്‍, ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിയുകയായിരുന്നു. അതിലൊന്ന് ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ പതിക്കുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന നേതാക്കളായ കെ.സി. ജോസഫിനും സിദ്ദിഖിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഉമ്മന്‍ ചാണ്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സി.പിഎം യുവജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമായിരുന്ന 114 പേര്‍ക്കെതിരെയായിരുന്നു കേസ്.
അന്ന് എംഎല്‍എമാരായിരുന്ന കെ.കെ. നാരായണന്‍, സി. കൃഷ്ണന്‍, ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന ബിജു കണ്ടക്കെ, ഒ.കെ. വിനീഷ്, പി.കെ. ശബരീഷ്, സിപിഎം തളിപറമ്ബ് ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.എം. കൃഷ്ണന്‍ എ. രാജേഷ് തുടങ്ങിയവരും പ്രതികളായിരുന്നു.
പിന്നീട് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന തളിപ്പറമ്ബിലെ കോമത്ത് മുരളി, സതീശന്‍, കണ്ണൂര്‍ സിറ്റിയിലെ ഇര്‍ഷാദ് എന്നിവരും, തലശ്ശേരിയിലെ സി.ഒ.ടി നസീറും കേസില്‍ പ്രതികളായിരുന്നു.
ഇതില്‍ സി.ഒ.ടി നസീര്‍ പിന്നീട് സിപിഎം വിടുകയും, ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് താന്‍ അക്രമത്തില്‍ പങ്കാളിയല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതില്‍ സിഒടി നസീര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ടൗണ്‍ സിഐയായിരുന്ന എ. വിനോദ്, എസ്‌ഐ സനല്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കല്ലേറില്‍ പരിക്കേറ്റ പൊലീസുകാരനെയും വിസ്തരിച്ചു.
അന്നത്തെ കണ്ണൂര്‍ ഡിവൈ.എസ്‌പി, പി. സുകുമാരനെയാണ് വിസ്തരിച്ചത്. മുഖ്യമന്ത്രിക്ക് നേരെ എറിഞ്ഞ രണ്ട് കല്ലുകള്‍ വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസില്‍ ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എംഎല്‍എ മാരായ കെ. കെ നാരായണന്‍, സി.കൃഷ്ണന്‍ ഉള്‍പ്പെടെ 114- പേരാണ് കേസിലെ പ്രതികള്‍.
ഇതില്‍ അഡ്വ. നിസാര്‍ അഹമ്മദ് വിചാരണകാലയളവില്‍ മരണമടഞ്ഞിരുന്നു. സംസ്ഥാന പൊലിസ് കായിക മേളയുടെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞുവധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
സോളാര്‍ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചായിരുന്നു അക്രമം. കല്ലേറില്‍ അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
സംസ്ഥാന രാഷ്ട്രീയത്തില്‍തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്. ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലയളവില്‍ നിയമസഭാസാമാജികന്മാരായ രണ്ടു പേര്‍ കേസിലെ പ്രതികളായി.
ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ കോടതി വിധിയില്‍ ഇപ്പോള്‍ മുന്‍ എംഎല്‍എമാരായിരിക്കുന്നവര്‍ക്ക് ആശ്വാസം എത്തുകയാണ്.