ഉപ്പും മുളകിനും എന്ത് സംഭവിച്ചു – കാരണം വ്യക്തമാക്കി ശ്രീകണ്ഠൻ നായർ

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഉപ്പും മുളകിനോളം പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു പരമ്പരയില്ല. അഞ്ചു വർഷങ്ങളായി മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ട പരമ്പര ഫ്‌ളവേഴ്‌സ് ചാനലിന്റെ യാത്രയിൽ തുടക്കം മുതൽ ഭാഗമായിരുന്നു. പാറമട വീടും, ബാലുവും, നീലുവും കുട്ടികളുമെല്ലാം പ്രേക്ഷകർക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്ളവേഴ്സ് ചാനലിൽ ഉപ്പും മുളകും പരമ്പര സംപ്രേഷണം ചെയ്യുന്നില്ല.

വളരെയധികം പ്രേക്ഷക പിന്തുണയുള്ള പരമ്പര നിർത്തിയതിനെ തുടർന്ന് നിരവധി പേരാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ പേജുകളിൽ കമൻറ് ചെയ്യുന്നത്. ഉപ്പും മുളകും തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യവുമായാണ് ആളുകൾ കമൻറ് ചെയ്യുന്നത്. എന്നാൽ, എന്തുകൊണ്ടാണ് പരമ്പര സംപ്രേഷണം ചെയ്യാത്തത് എന്നതിൽ വ്യക്തതയില്ലായിരുന്നു. കുടുംബങ്ങളിലെ ദൈനംദിന കാര്യങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ഉപ്പും മുളകും. അഞ്ചു വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ ചക്കപ്പഴം എന്ന പരമ്പരയും ഫ്ളവേഴ്സ് അടുത്തിടെ ആരംഭിച്ചിരുന്നു. ദിവസേന പുതിയ കാര്യങ്ങളുമായി എത്തുന്ന ചക്കപ്പഴവും കുടുംബ ബന്ധങ്ങളും, രസകരമായ നിമിഷങ്ങളുമാണ് പങ്കുവയ്ക്കുന്നത്.

പുതിയ പരമ്പരയ്ക്കയാണ് ഉപ്പും മുളകും നിർത്തിയത് എന്ന രീതിയിൽ ആളുകൾ പ്രതികരിച്ചിരുന്നു. ഒരേ രീതിയിലുള്ള മറ്റൊരു പരമ്പര കൂടി ആരംഭിച്ച് ഉപ്പും മുളകും നിർത്താം എന്ന് കരുതണ്ട എന്നും തിരിച്ചു കൊണ്ടുവരണം എന്നും പല പ്രേക്ഷകരും വെല്ലുവിളിയും ഉയർത്തിയിരുന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ചാനലിന്റെ എം ഡിയായ ശ്രീകണ്ഠൻ നായർ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലിന്റെ തന്നെ ഭാഗമായ 24 ന്യൂസിൽ ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിലാണ് ഉപ്പും മുളകിനെയും കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

ദിവസേന ഉപ്പും മുളകും നിർത്തലാക്കിയോ എന്ന പേരിൽ നിരവധി കോളുകളാണ് വരുന്നതെന്നും, വിളിക്കുന്നവർ ആയിരത്തിലധികം ആണെന്നും അറ്റൻഡ് ചെയ്യേണ്ടത് ഒരാളാണെന്നും ഓർക്കണം എന്ന് പറഞ്ഞാണ് ശ്രീകണ്ഠൻ നായർ പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിലധികമായി സംപ്രേഷണം തുടരുന്ന ഉപ്പും മുളകും മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ടെന്നും ഒരു പരമ്പര വളരെയധികം നീണ്ടുപോകുമ്പോൾ കാഴ്ചക്കാർക്കും വിരസതയുണ്ടാകുമെന്ന് ശ്രീകണ്ഠൻ നായർ പറയുന്നു. മാത്രമല്ല, പല അഭിനേതാക്കൾക്കും ഈ വിരസത വന്നതോടെ അവർ കൃത്യ സമയത്ത് ലൊക്കേഷനിൽ എത്താത്ത സാഹചര്യവുമായി, അഭിനയിക്കാനും വിരസതയായി..ഇതെല്ലം എപ്പിസോഡുകളെയും വിരസമാക്കി. അതുകൊണ്ടാണ് ഉപ്പും മുളകും താത്കാലികമായി നിർത്തിയത് എന്നും ശ്രീകണ്ഠൻ നായർ പറയുന്നു.
മാത്രമല്ല, ഒരുപാട് കാലം നീണ്ടു പോകുന്ന പരിപാടികൾക്ക് ഇടയ്ക്ക് ഒരു ഇടവേള ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴുള്ള ഇടവേള കൊവിഡ്‌ സാഹചര്യം കൊണ്ടുള്ളതല്ലെന്നും, വീണ്ടും ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തുമെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. നയം വ്യക്തമാക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. ഉപ്പും മുളകും നല്ലൊരു പരമ്പരയാണ് എന്നും തുടക്കം മുതൽ ഉള്ളതാണെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

അതോടൊപ്പം തന്നെ ചക്കപ്പഴത്തിന്റെ സമയം മാറിയതിന്റെ കാരണത്തെക്കുറിച്ചും പ്രതികരിക്കുന്നുണ്ട്. പത്തരയ്ക്ക് സംപ്രേഷണം ചെയ്തിരുന്ന പരമ്പര ആറരയിലേക്ക് മാറ്റിയെന്നതിന് പലരും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. കുട്ടികൾക്കെല്ലാം കാണാൻ ആഗ്രഹമുള്ളതുകൊണ്ടാണ് ആറരയ്ക്ക് സംപ്രേഷണം ചെയ്യുന്നതെന്നും അതിന്റെ പുനഃസംപ്രേഷണം വൈകിട്ട് പത്തരയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം തന്നെ ഉപ്പും മുളകിനെയും പറ്റി ചോദിക്കാൻ വിളിക്കുന്നവരോട് നിങ്ങളുടെ വിലപ്പെട്ട സമയം നശിപ്പിച്ചു കളയാതെ നല്ല കാര്യത്തിന് ഉപയോഗിക്കണമെന്നും ഉപ്പും മുളകും കുറച്ചു കഴിയുമ്പോൾ തുടങ്ങാം എന്നും ശ്രീകണ്ഠൻ നായർ പറയുന്നു.
അതേസമയം, ഉപ്പും മുളകിലൂടെയും പ്രശസ്തരായ താരങ്ങളെല്ലാം അവരവരുടെ യുട്യൂബ് ചാനലുകളുമായി സജീവമാകുകയും പുതിയ വെബ് സീരിസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സൂചന.

Related posts

Leave a Comment