പത്തനംതിട്ട: പാമ്ബുകടിയേറ്റ് യുവതി മരിച്ച സംഭവത്തിലെ പ്രതി സൂരജ് വൈകാരികമായി പ്രതികരിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ കുറ്റസമ്മതം സ്വയം ബലിയാടായി കേസിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമെന്ന് നിയമവിദഗ്ദ്ധര്‍. ഉത്രയെ താനാണ് കൊലപ്പെടുത്തിയതെന്നും താന്‍ മാത്രമാണെന്നുമായിരുന്നു സൂരജ് പറഞ്ഞത്. കേസില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരും സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരിലേക്ക് നീളുന്ന അന്വേഷണത്തിന് തടയിടാനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍.
മുമ്ബ് പല തവണ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നുമായിരുന്നു സൂരജ് പറഞ്ഞുകൊണ്ടിരുന്നത്. കേസിലെ കൂട്ടു പ്രതികളെ രക്ഷിക്കാനുള്ള സൂരജിന്റെ നീക്കമെന്നാണ് ഉത്രയുടെ വീട്ടുകാരുടേയും പ്രതികരണം. സൂരജിന്റെ പുതിയ വൈകാരിക പ്രകടനം കേസിലെ മറ്റുള്ളവരെ രക്ഷിക്കാനോ കേസില്‍ മറ്റ് എന്തെങ്കിലും ആനുകൂല്യം കിട്ടാനോ വേണ്ടിയുള്ള നീക്കമായിട്ടാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നിയമോപദേശം കിട്ടിയോ എന്ന് വരെ സംശയിക്കാവുന്ന സാഹചര്യമുണ്ടെന്നും കരുതുന്നു.
കേസില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസും വനം വകുപ്പും. ഇക്കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ഇപ്പോഴും നടക്കുന്നുമുണ്ട്. ഉത്രയുടെ മരണത്തില്‍ സൂരജിനൊപ്പം മാതാപിതാക്കള്‍ക്കും സഹോദരിക്കും പങ്കുണ്ടെന്നായിരുന്നു നേരത്തേ ഉത്രയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ഉത്ര കൊലപാതക കേസില്‍ മെയ് 27 ന് അടൂര്‍ പറക്കോട്ടെ സ്വന്തം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.
ഉത്രയെ കൊന്നത് താനാണെന്ന് നേരത്തേ സൂരജ് പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്ത് മോഹിച്ചാണ് താന്‍ ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു നേരത്തേ പോലീസിനോട് പറഞ്ഞത്. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു എന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമായിരുന്നു മൊഴി.
മെയ് 25 ന് ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും സൂരജ് നാടകം നടത്തി. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു കരഞ്ഞ് കൊണ്ട് സൂരജ് പറഞ്ഞത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് അന്ന് ഉത്രയുടെ അമ്മ പ്രതിഷേധിക്കുകയും ചെയ്തു. അന്ന് ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്ബിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തിയിരുന്നു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് ജാര് കണ്ടെത്തിയത്. എന്നാല്‍ ഈ കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്നായിരുന്നു സൂരജ് പറഞ്ഞത്.
പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നും അച്ഛനെയും സഹോദരിയെ യും ഭീഷണിപ്പെടുത്തിയെന്നും അന്ന് സൂരജ് ആരോപിച്ചിരുന്നു. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ താനാണ് കുറ്റം ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞ സൂരജ് പക്ഷേ കൊലപാതകത്തിന് പിന്നിലുള്ള കാരമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റ മറുപടി.