കൊല്ലം ∙ അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ഭർത്താവും കേസിലെ ഒന്നം പ്രതിയുമായസൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഇന്നു രാവിലെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. സൂരജിന്റെ നാട്ടിൽത്തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടെങ്കിലും സൂരജിന്റെ വീട്ടുകാർ കുട്ടിയെ മാറ്റിയിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയെങ്കിലും കുട്ടിയെ വിട്ടുനൽകാൻ സൂരജിന്റെ കുടുംബം തയാറായില്ല. കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേൽപിക്കണമെന്ന് പൊലീസ് സൂരജിന്റെ വീട്ടുകാരോട് കർശനമായി നിർദേശിച്ചിരുന്നു.
കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ്ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടിൽത്തന്നെയുണ്ടെന്ന കണക്കുകൂട്ടലിൽ പൊലീസ് രാത്രിയിലും തിരച്ചിൽനടത്തിയിരുന്നു. പൊലീസിന്റെ സമ്മർദം മൂലം ഒടുവിൽ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛൻ സമ്മതിച്ചു.തുടർന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.