ഉത്തരേന്ത്യയിലും മഴ ദുരിതം ; ഏഴു സംസ്ഥാനങ്ങളിലായി മരിച്ചത് 32 പേര്‍

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7 സംസ്ഥാനങ്ങളിലായി 32 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചത്.

ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്.

കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. കേദാര്‍നാഥിലേക്കുള്ള യാത്ര താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷിംലയില്‍ അന്‍പതിലധികം പേരെ കാണാതായി. മണാലിയിലേക്കുള്ള റോഡ് തകര്‍ന്ന് മേഖല ഒറ്റപ്പെട്ടു. കുളുവില്‍ നദീതീരത്തെ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. സൈന്യത്തെ അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഹെലികോപ്റ്ററുകളടക്കം എത്തിച്ച്‌ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.

ദില്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരില്‍ ചെറിയ കുട്ടിയും ഉള്‍പ്പെടും. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Related posts

Leave a Comment