കാസര്‍കോട്: കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്ബനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊണ്ടുവന്നിട്ട മണ്ണ് ഉറച്ചുപോയതിനാല്‍ നീക്കംചെയ്യുന്നത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷംവരുത്തും. മറ്റ് രണ്ടിടങ്ങളില്‍ കണ്ട ചെറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്ബനിയില്‍നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്ബനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം പഴയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ഒരുവര്‍ഷത്തേക്ക് ഇവിടെ ഷൂട്ടിങ് അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു. പരിസ്ഥിതി വിരുദ്ധ റിപ്പോര്‍ട്ടാണിതെന്നും സിനിമാക്കമ്ബനിയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന ശുപാര്‍ശതന്നെ നാശംവരുത്തിയതിന് തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബറിലായിരുന്നു ഇവിടെ മൂവിമില്‍സ് കന്പനി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. പുറമെനിന്ന് ലോഡുകണക്കിന് മണ്ണ് കൊണ്ടുവന്നിറക്കി നടത്തുന്ന സെറ്റിടലും ഷൂട്ടിങ്ങും വനത്തിന് വന്‍ ദോഷമുണ്ടാക്കിയെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ എയ്ഞ്ചല്‍ നായര്‍ നല്‍കിയ പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണംനടത്തണമെന്നും കുറ്റക്കാരില്‍നിന്ന് നഷ്ടം ഈടാക്കമമെന്നും ഹൈക്കോടതി കഴിഞ്ഞ ജൂണില്‍ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം മന്ത്രാലയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ബെംഗളൂരുവില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് വനത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുറമെനിന്ന് വനത്തില്‍ മണ്ണ് കൊണ്ടുവന്നിറക്കിയതിന്റെ പേരില്‍ ഷൂട്ടിങ്ങിനുള്ള അനുമതി കോഴിക്കോട് അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാര്‍ റദ്ദാക്കിയിരുന്നു. പിന്നീട് മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പുനഃസ്ഥാപിച്ചുകൊടുക്കുകയായിരുന്നു.