ഉംറ നിര്‍വ്വഹിച്ചു, 9 വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ പിതാവിനെ കണ്ട് മടങ്ങി; ഒരാഗ്രഹം മാത്രം ബാക്കിവച്ചു സക്കീര്‍ ഹുസൈന്‍ വിടപറഞ്ഞു

ഒന്‍പത് വര്‍ഷത്തിന് ശേഷം പിതാവിനെ കണ്ടു മടങ്ങിയ തമിഴ്നാട് സ്വദേശിയായ സക്കീര്‍ ഹുസൈന്‍ എന്ന ബാലന്‍ വിടപറഞ്ഞു. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാനാണ് സക്കീര്‍ സൗദിയിലെത്തിത്. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ ശേഷമാണ് സക്കീര്‍ ഹുസൈന്‍ മരണത്തിന് കീഴടങ്ങിയത്.

സുമനസുകളുടെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനെത്തിയ അര്‍ബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. ഉംറ നിര്‍വഹിക്കുകയും പിതാവിനെ കാണുകയും ചെയ്യുക എന്നതായിരുന്നു ഈ ബാലന്റെ ജീവിതാഭിലാഷം. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പുനഃസമാഗമം. പിതാവ് സൈദ് സലീം പിന്നീട് ജയില്‍ മോചിതനായി നാട്ടിലെത്തിയിരുന്നു.

ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന് പാടന്തറ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ച്‌ കൊണ്ടിരിക്കെയാണ് സക്കീര്‍ ഹുസൈന് അര്‍ബുദം പിടിപെടുന്നത്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിര്‍വഹിക്കാനുമുള്ള അവന്റെ ആഗ്രഹം സുമനസുകള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ജയിലില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനും വഴിവെച്ചത്.

മാതാവ് സഫിയ, പിതാമഹന്‍ മുഹമ്മദലി ഹാജി, പിതൃ സഹോദരന്‍ ഷിഹാബ് എന്നിവരും അന്നത്തെ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കാനുള്ള തന്റെ ആഗ്രഹം സഫലമാകാതെയാണ് തമിഴ്‌നാട് ഗൂഡല്ലൂര്‍ ദേവര്‍ശോല സ്വദേശി സക്കീര്‍ ഹുസൈന്‍ വിട വാങ്ങിയത്.

Related posts

Leave a Comment