ഉംപുന്‍ ചുഴലി: സംസ്ഥാനത്ത് വ്യാപക മഴ, ശക്തമായ കാറ്റില്‍ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന്റെ ചുറ്റമ്ബലം തകര്‍ന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. മഴ കനത്തതോടെ സംസ്ഥാനത്തെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴയും കാറ്റും ഇന്നും തുടരുകയാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. കോട്ടയം വൈക്കത്ത് ഇന്നലെ രാത്രി മഴയ്ക്കൊപ്പമുണ്ടായ കാറ്റ് വന്‍ നാശം വിതച്ചു. വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളില്‍ ആല്‍മരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്ബലം തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ച്‌ മാറ്റിയത്. പ്രദേശത്തെ പല വീടുകള്‍ക്ക് മുകളിലും മരങ്ങള്‍ വീണിട്ടുണ്ട്. റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണ് സ്ഥലത്ത് വൈദ്യുതി ബന്ധവും തകരാറിലാണ്. വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം , കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.

വേനല്‍മഴയ്ക്ക് പിന്നാലെ ഉംപുന്റെ ഭാഗമായ ശക്തമായ മഴകൂടി അനുഭവപ്പെട്ടതോടെ ലോക്ക് ഡൗണില്‍ കഷ്ടപ്പെട്ടിരുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂ‌ര്‍ണമായി .

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കാര്‍ഷിക നിര്‍മ്മാണ മേഖലകളില്‍ ജോലികള്‍ സജീവമായെങ്കിലും വേനല്‍ മഴ ശക്തമായതോടെ പണികള്‍ തടസപ്പെട്ടിട്ടുണ്ട്. മണ്‍സൂണിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെതുള്‍പ്പെടെ മരാമത്ത് ജോലികള്‍, മഴക്കാലപൂര്‍വ ശുചീകരണം, വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍‌ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെയെല്ലാം മഴ തടസപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരേയും കഴിഞ്ഞ രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ കഷ്ടത്തിലാക്കിയിട്ടുണ്ട്.

Related posts

Leave a Comment