ഉംപുന്‍ ചുഴക്കിാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി മോദി; ബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്നും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും മോദിയുടെ പ്രഖ്യാപനം; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും; മമതയോട് ‘സാമൂഹിക അകലം പാലിച്ച്‌’ ബംഗാളിനെ കൈവിടാതെ മോദി

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബഗാളിന് സഹായ ഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര സഹായമായി ആയിരം കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ട്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം, പുനര്‍നിര്‍മ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
രാവിലെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് നടത്തിയ അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയും സന്ദര്‍ശിക്കും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്തിന് പുറത്തുപോയത്. ഫെബ്രുവരി 29ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജാണ് അദ്ദേഹം അവസാനമായി സന്ദര്‍ശിച്ചത്. അംപന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. ഉംപൂന്‍ ചുഴലിക്കാറ്റില്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബംഗാളിനോട് തങ്ങള്‍ ഐക്യപ്പെടുന്നു എന്ന് പറഞ്ഞ കോണ്‍ഗ്രസ് മോദിയുടേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു. കര്‍ണാടകയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോള്‍ അദ്ദേഹം കര്‍ണാടക സന്ദര്‍ശിച്ചിട്ടില്ലെന്ന കാര്യാമാണ് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചത്. പശ്ചിമ ബംഗാള്‍ ഇപ്പോള്‍ മോദി സന്ദര്‍ശിച്ചത് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും കോണ്‍ഗ്രസ് പറയുന്നു.

കര്‍ണാടകയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോള്‍ മോദി കര്‍ണാടക സന്ദര്‍ശിച്ചിട്ടില്ല. അടുത്ത വര്‍ഷം ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ആളുകള്‍ ഇവിടെയും ദുരിതം അനുഭവിക്കുന്നുണ്ട് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 90 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശ് മാത്രമാണ് മോദി ഈ വര്‍ഷം രണ്ട് തവണ സന്ദര്‍ശിച്ച മറ്റൊരു സംസ്ഥാനം. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ 72 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.

Related posts

Leave a Comment