ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയില്‍ നിന്ന് നേവി കണ്ടെടുത്ത കയർ തന്റെ ലോറിയില്‍ മരംകെട്ടാൻ ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്.
അല്‍പസമയം മുമ്ബാണ് മുങ്ങല്‍ വിദഗ്ധരായ നേവി സംഘം പുഴയില്‍നിന്ന് കയർ കഷ്ണം കണ്ടെടുത്തത്. പുഴയിലെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കി ടന്ന കയറിന്റെ മുറിച്ചെടുത്ത ഭാഗമാണ് മനാഫിന് നല്‍കിയത്. ഇത് തന്റെ ലോറിയിലേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ ചായക്കടയുടെ സമീപത്ത് നിന്ന് പുഴയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്.
ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലും പുഴയില്‍ തിരച്ചില്‍ നടക്കുന്നുണ്ട്. പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ പുഴയിലിറങ്ങിയത്. അതിനിടെ, പുഴയില്‍നിന്ന് നാവികസേനയുടെ ഡൈവിങ് സംഘം കണ്ടെടുത്ത ലോഹഭാഗം തന്റെ ട്രക്കിന്റേതല്ലെന്ന് മനാഫ് പറഞ്ഞു. പലതവണ പെയിന്റ് ചെയ്ത ഇതിന്റെ പഴക്കം കണക്കിലെടുത്താണ് ഇദ്ദേഹത്തിന്റെ നിഗമനം. പുതിയ ലോറിയായിരുന്നു അർജുൻ ഓടിച്ചിരുന്നത്.
തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മി പ്രിയയും എസ്.പിയും സ്ഥലത്തെത്തും.
ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്താണ് ഗംഗാവാലി പുഴയില്‍ ആദ്യം പരിശോധിച്ചത്. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാല്‍പെ ചൂണ്ടിക്കാട്ടി. സോണാർ പരിശോധനയില്‍ തിരിച്ചറിഞ്ഞ സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുല്‍പിള്ള വ്യക്തമാക്കി
ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയ പാതയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവർ അർജുൻ, തമിഴ്നാട് സ്വദേശിയായ ടാങ്കർ ഡ്രൈവർ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചില്‍ പുനരാരംഭിച്ചത്. തിരച്ചില്‍ കോഓഡിനേറ്റ് ചെയ്യാൻ കാർവാർ എം.എല്‍.എ സതീഷ് സെയ്‍ലും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫും രംഗത്തുണ്ട്.
ഇന്നലെ ഗംഗാവാലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കള്‍ പുഴക്കടിയില്‍ നിന്നാണ് വീണ്ടെടുത്തത്. കരയില്‍ നിന്ന് 100 അടി അകലെ 35 മീറ്റർ ആഴത്തില്‍ നിന്നാണ് ജാക്കി കണ്ടെത്തിയത്. ജാക്കി അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.