ഈസ്റ്റര്‍ദിനത്തിലെ സന്ദര്‍ശനം ആത്മവിശ്വാസം കൂട്ടിയെന്ന് നേതാക്കള്‍; ക്രിസ്ത്യാനികളെ വിഷുവിന് തങ്ങളുടെ വീടുകളിലേക്കും ക്ഷണിച്ച്‌ ബിജെപി

കൊച്ചി: ഈസ്റ്ററിന് പള്ളികളും സഭാ ആസ്ഥാനങ്ങളും ക്രിസ്ത്യാനികളുടെ വീടുകളും സന്ദര്‍ശിച്ചതിന് പിന്നാലെ വിഷുവിന് ക്രൈസ്തവരെ തങ്ങളുടെ വീടുകളിലേക്കും ക്ഷണിക്കാന്‍ തീരുമാനിച്ച്‌ ബിജെപി നേതാക്കള്‍.

ഈസ്റ്ററിലെ ‘സ്നേഹയാത്ര’ വന്‍ വിജയമായി എന്ന വിലയിരുത്തലിന് പിന്നാലെയാണ് ക്രൈസ്തവരെ തങ്ങളുടെ വീടുകളിലേക്കും ബിജെപി നേതാക്കള്‍ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ നിന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും കേരളം മാറുന്നതിന്റെ സൂചനയായിട്ടുമാണ് ബിജെപിയുടെ വിലയിരുത്തല്‍.

പേരിന് പോലും ഒരു സീറ്റ് കേരളത്തില്‍ ഇല്ലാത്ത ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെയെങ്കിലും ഒരു സീറ്റ് പിടിക്കണമെന്ന ഉദ്ദേശത്തോടെയുള്ള തന്ത്രങ്ങളാണ് നടത്തുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷവെച്ച സീറ്റുകള്‍ പോലും കൈവിട്ടു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ബിജെപിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന സീറ്റും നഷ്ടമായിരുന്നു.

ഇനിയൊരു തോല്‍വി കൂടി താങ്ങാനാകില്ലെന്ന നിലപാടിലാണ് അണികളും നില്‍ക്കുന്നത്. ഇതോടെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഏതു വിധേനെയും പാട്ടിലാക്കാന്‍ ഭഗീരഥ പ്രയത്നത്തിലാണ് ബിജെപി.

കേരളം പിടിക്കുമെന്ന നരേന്ദ്രമോഡിയുടെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം കൊണ്ടാണ് ബിജെപി പുതിയ തന്ത്രങ്ങളുമായി എത്തുന്നത്.

ഇതിന്റെ ഭാഗമായിട്ടായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ സ്‌നേഹയാത്ര എന്ന പേരില്‍ സംസ്ഥാനത്തുടനീളം ബിജെപി ഗൃഹ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചപ്പോള്‍ പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കളാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കണ്ടു.

തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന്പിന്നാലെയാണ് തങ്ങളുടെ ആഘോഷമായ വിഷുവിന് ക്രൈസ്തവ വിശ്വാസികളെ വീടുകളിലെത്തി ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

ബിജെപിയോടുള്ള ക്രൈസ്തവ സമുദായങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാമെന്നുമാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

അതേസമയം ബിജെപി നേതൃത്വത്തിന്റെ നീക്കത്തെ പരിഹസിച്ച്‌ ഇടതു പക്ഷവും കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

Related posts

Leave a Comment