ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് മൂന്നാം തവണയും തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഇ.ഡിക്കു മുന്നില്‍ കെജ്‌രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
ഇ.ഡി അയച്ച സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും കെജ്‌രിവാളിനെ അറസ്റ്റു ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും എഎപി ആരോപിക്കുന്നു.
എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന് ഇത് മൂന്നാം തവണയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്നത്. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നുമായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയത്.
അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ കെജ്‌രിവാള്‍ സന്നദ്ധനാണെന്നും എന്നാല്‍ ഇ.ഡിയുടെ ലക്ഷ്യം അറസ്റ്റു ചെയ്യുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് നോട്ടീസ് അയക്കുന്നത് എന്തിനാണ്? തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കെജ്‌രിവാളിനെ തടയുകയാണ് ലക്ഷ്യം.- എഎപി ആരോപിക്കുന്നു.
മദ്യനയക്കേസില്‍ കെജ്‌രിവാളിനെ സിബിഐ ഏപ്രിലില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല.
ഇ.ഡിയുടെ ആദ്യ നോട്ടീസ് വന്നതു മുതല്‍ കെജ്‌രിവാളിനെ അറസ്റ്റു ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി വ്യാപക പ്രചാരണമാണ് നടത്തുന്നത്.
കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു.
എഎപിയുടെ രാജ്യസഭാ എം.പിയായ സഞ്ജയ് സിംഗിനെ ഒക്‌ടോബറില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.