ചെന്നൈ: ഇന്ത്യന്‍-2ന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്ഹാസന് പറഞ്ഞു.
സെറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ചിത്രമാണ് ഇന്ത്യന്‍-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്.
സിനിമ സെറ്റിലെ അപകടം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോടികള്‍ ചെലവിട്ട് സിനിമ നിര്മിക്കുന്പോഴും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കും. ഇത് മാത്രമാണ് തനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. തങ്ങള്‍ക്ക് നഷ്ടപെട്ടതിന് പരിഹാരമല്ല ഇതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.