ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ട്. ഇറാന്റെ തന്ത്രപ്രധാന മേഖലയില്‍ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്.
രാജ്യത്തെത്തുന്ന പ്രധാനപ്പെട്ട അതിഥികളെ താമസിപ്പിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ഇറാനിലെ ഇസ്ലാമിക് റവലൂഷണറി ഗാർഡിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ബോംബ് ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭിത്തി തകർന്നു. ജനലുകള്‍ ഇളകിത്തെറിച്ചു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തില്‍ മരിച്ചിരുന്നു., ഇസ്രയേലാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഏപ്രിലില്‍ ഗാസയില്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഹനിയയുടെ 3 ആണ്‍മക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദായിഫിനെ വധിച്ചതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ സേന അവകാശപ്പെട്ടു.